Thursday, July 31, 2008

ചില സംശയങ്ങള്‍ . . .

നിത്യജീവിതത്തില്‍ നമ്മെ സാധാരണ അലട്ടാറുള്ള ചില സംശയങ്ങള്‍ . . .


01 ) നീളം - വീതി

നീളമാണോ വീതിയാണോ കൂടുതല്‍? എന്താണ് നീളവും വീതിയും തമ്മിലുള്ള വ്യത്യാസം? നീളവും വീതിയും എങ്ങനെ തിരിച്ചറിയാം? നീളം കൂടുതലുള്ളത് "നീളവും", നീളം കുറവുള്ളത് "വീതിയും" - ഇതാണല്ലോ സാമാന്യ നിയമം? സമചതുരത്തിന് നീളവും വീതിയുമുണ്ടോ? ത്രികോണത്തിന്‍റെയും വൃത്തത്തിന്‍റെയും ബഹുഭുജമാനങ്ങളുടെയും നീളവും വീതിയും എങ്ങനെ എളുപ്പത്തില്‍ മനസിലാക്കാം?.

Tuesday, July 29, 2008

നേഴ്സറി പുരാണം . . .

.
എന്‍റെ ഓര്‍മ്മയിലെ ആദ്യ നേഴ്സറി ദിനം . . .


എന്നെ നേഴ്സറിയില്‍ വിട്ടിട്ടേയില്ല എന്നാണല്ലോ അപ്പച്ചനും അമ്മച്ചിയും പറയുന്നത്. പിന്നെങ്ങനെ എനിക്ക് നേഴ്സറി സ്‌മരണകള്‍.

അന്നൊരു . . . എന്ത് ദിവസമെന്ന് ഓര്‍ക്കുന്നില്ല. സമയവും. എങ്കിലും രാവിലെയായിരിക്കണമല്ലോ. ഞാന്‍ ചേട്ടായിയുമൊത്ത് - അതോ ചേട്ടായി ഞാനുമൊത്തോ - വീട്ടില്‍നിന്നിറങ്ങി നടപ്പ് തുടങ്ങി. ആ കുന്നിന്‍റെ, ഞങ്ങളുടെ വീടിനു ശേഷമുള്ള കയറ്റം കയറി മുകളിലെത്തിയശേഷം താഴത്തെ കവല ലക്ഷ്യമാക്കി നടപ്പ് തുടര്‍ന്നു. ആ കുന്നിന്‍ മുകളിലെത്തുന്നതുവരെ നല്ല കയറ്റമായിരുന്നെങ്കിലും മുകളിലെത്തി നോക്കിയപ്പോള്‍ ചുറ്റുപാടും ഇറക്കം മാത്രമേയുള്ളൂ കണ്ടുപിടിക്കാന്‍. പിന്നെ ഒന്നുമാലോചിക്കാതെ ഇറക്കമിറങ്ങി നടത്തം തുടര്‍ന്നു. അങ്ങനെ താഴെയുള്ള കവലയിലെത്തി. ചന്തക്കവല - കിടങ്ങൂര്‍ സൌത്ത് എന്ന അര പഞ്ചായത്തിന്‍റെ ഭരണസിരാകേന്ദ്രം. ആ കവലയില്‍നിന്നു ഒരു ഷാര്‍പ് ലെഫ്റ്റ് ടേണ്‍ എടുത്ത് ഞങ്ങള്‍ പാലാ-കോട്ടയം റോഡില്‍ പ്രവേശിച്ചു. അല്‍പ്പദൂരം നടന്നു ഒരു ഇടത്തൊണ്ടിലേയ്ക്ക് റൈറ്റ് ടേണ്‍. അതിലൂടെ അല്‍പ്പം നടന്നു ഒന്ന് രണ്ടു വളവുകള്‍ക്കൂടി എടുത്ത് ഒരു നട കയറി വിശാലമായ ഒരു തെങ്ങിന്‍ തോപ്പിലെത്തി.


അവിടെയാണ് നമ്മുടെ "സംഗതി". ഞാന്‍ കണ്ട ആദ്യത്തെ നേഴ്സറി സ്കൂള്‍ - ഒരൊന്നാന്തരം എഴുത്തുകളരി. ആറോ എട്ടോ കമുകിന്‍കാലുകളില്‍ കെട്ടിയുയര്‍ത്തി ഓല മേഞ്ഞ നീളം-വീതി-ഉയരം ധാരാളമുള്ള (നീളമാണോ വീതിയാണോ കൂടുതല്‍ - ഇന്നും എന്നെ അലട്ടാറുള്ള ചില സുപ്രധാന സംശയങ്ങളില്‍ ഒന്ന്) ഒരു മണ്ഡപം. അതിനുള്ളില്‍ ഒരു കാര്‍ന്നോരും (ആശാനായിരിക്കും) കുറച്ചു കുട്ടികളും. അതിനുള്ളില്‍ അവരിരിക്കുന്നതുകണ്ടാല്‍ കിടങ്ങൂരമ്പലത്തിന്‍റെ കൂത്തമ്പലത്തില്‍ ഉറുമ്പിരിക്കുന്നതുപോലെ. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ (???) അത്രക്ക് വലിപ്പമുള്ള ഒരു മണ്ഡപത്തിന്‍റെ ഒരു കോണിലായി അവര്‍ കൂട്ടം കൂടിയിരിക്കുന്നു.


തീര്‍ന്നു . . . എന്‍റെ ഓര്‍മ്മയിലെ ആദ്യ നേഴ്സറി ദിനം ഇത്രമാത്രം. എന്നാല്‍ അപ്പച്ചനും അമ്മച്ചിയും എന്തിനു ചേട്ടായിപോലും പറയുന്നത് അങ്ങിനെ ഒരു സംഭവമേ ഇല്ലായെന്നാണ്. പക്ഷെ എന്‍റെ ഓര്‍മ്മയിലെ ആദ്യ നേഴ്സറി ദിനം ഇതാണ്.