Saturday, August 2, 2008

ഫലിതങ്ങള്‍

.
സദ്യ
എവിടെയും സദ്യ കണ്ടാല്‍ കയറി മൂക്കറ്റം അടിച്ചു കയറ്റുന്ന മത്തായി ഒരിക്കല്‍ ഒരു വല്യമ്മയുടെ ചാത്തസദ്യ നടക്കുന്ന വീട്ടില്‍ ചാത്തമാണെന്നറിയാതെയെത്തി.
സദ്യക്കിടയില്‍ ഒരു പരിചയക്കാരനെ മത്തായി കണ്ടുമുട്ടി. മത്തായി പതിവ് അടവെടുത്തു. "നീ എങ്ങെനെ ഇവിടെയെത്തി???"
സുഹൃത്ത് പറഞ്ഞു "ഞാന്‍ പുള്ളിക്കാരിയുടെ ഇങ്ങനെ ... ഇങ്ങനെ ... ഇങ്ങനെ ... ഇങ്ങനെ ... ഇങ്ങനെയുള്ള ഒരു ബന്ധുവാണ്".
മത്തായി പെട്ടന്ന് പറഞ്ഞു "ഞാന്‍ ചെറുക്കന്‍റെ പാര്‍ട്ടിയാണ്"...
************************
അടി കിട്ടിയാല്‍ വീട്ടില്‍ പോകാം
ഒരിക്കല്‍ കള്ളുകുടിച്ച ശേഷം ഷാപ്പിനു മുന്നില്‍ **പാട്ട് പാടിയ മത്തായിയെ അത് വഴി പോയ ഒരു പോലീസുകാരന്‍ ഒന്ന് ചാമ്പി . . .
പോലീസുകാരന്‍ പോയശേഷം മത്തായി അവിടെ കൂടിനിന്നവരോട്‌ . . . "ഇത് നിങ്ങളാരേലും നേരത്തേ തന്നിരുന്നെങ്കില്‍ ഞാന്‍ എപ്പഴേ വീട്ടില്‍ എത്തിയേനെ"
.

Friday, August 1, 2008

ഒരു ലക്ഷം രൂപയുടെ ഹോണ്ട അക്ടിവ . . .

.
"എനിക്കൊരു ഹോണ്ട അക്ടിവ വേണം". നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പൊരു സര്‍വ്വകക്ഷിയോഗത്തില്‍വച്ച് പെങ്ങള്‍ ആവശ്യമുന്നയിച്ചു.

സര്‍വ്വകക്ഷിയോഗം - ഞങ്ങള്‍ ആറുപേരും ഒത്തുചേര്‍ന്നുള്ള സംഭാഷണം. ഞങ്ങള്‍ ആറുപേരും എന്നാല്‍ അപ്പച്ചന്‍, അമ്മച്ചി, ചേട്ടായി, ഞാന്‍, അനിയന്‍ & പെങ്ങള്‍. ടിവി കാണല്‍, സന്ധ്യാപ്രാര്‍ത്ഥന, അത്താഴ൦ (ഏതു ക്രമത്തിലും) ഇവക്കുശേഷം ഉറക്കത്തിനുമുമ്പായി ഞങ്ങള്‍ സാധാരണ സര്‍വ്വകക്ഷിയോഗം ചേരാറുണ്ട്. അംഗസംഖ്യ ഒരു പ്രധാന പ്രശ്നമല്ല. വിഷയങ്ങളും - വിഷയങ്ങള്‍ ഉണ്ടാക്കാനാണോ പാട്. സമയം മുന്നേറുന്നതനുസരിച്ചും വിഷയം ഇല്ലാതാവുകയും ഓരോരുത്തരായി അവരവരുടെ കട്ടിലുകളെ അഭയം പ്രാപിക്കുകയും ചെയ്യുന്നതോടെ ഒരു സര്‍വ്വകക്ഷിയോഗം പൂര്‍ണ്ണമാകുന്നു.

എന്നാല്‍, അപ്പോള്‍ത്തന്നെ ഒരു മാരുതി ഓംനി, ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ്, രണ്ടു സൈക്കിള്‍ എന്നിവയുണ്ടായിരുന്നതിനാലും പുതിയ വീടുപണിയുടെ ആലോചന തുടങ്ങിയതിനാലും ആ ആവശ്യം വോട്ടിനിടുകപോലും ചെയ്യാതെ തള്ളിക്കളയപ്പെട്ടു. നീയാദ്യം സൈക്കിള്‍ ഓട്ടാന്‍ പടിക്ക് എന്ന അമ്മച്ചിയുടെ നിര്‍ദേശം കൂടിയായപ്പോള്‍ എല്ലാം ശുഭം.

മൂന്ന് വര്‍ഷത്തിനുശേഷം വീടുപണി പൂര്‍ത്തിയാവുകയും 2007 ഏപ്രില്‍ 14-ന് പാലുകാച്ചല്‍, കയറിത്താമാസം, പുരവാസ്തോലി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന "സംഗതി" നടത്തുകയും ചെയ്തു.

ആ സമയത്ത് അപ്പച്ചന്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വില്‍ക്കുകയും ഒരു ചെറിയ 100-125 സി. സി. ബൈക്ക് വാങ്ങണോ, അതോ മാരുതി ഓംനി ഓട്ടാന്‍ പഠിക്കണോ എന്ന ആലോചനയില്‍ നില്‍ക്കുകയും ചെയ്യുന്ന സമയത്ത് വീണ്ടും "എനിക്കൊരു ഹോണ്ട അക്ടിവ വേണം". സ്ത്രീ-പുരുഷ സമത്വം നിര്‍ലോഭം വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില ഇരുചക്രവാഹനങ്ങളില്‍ മികച്ചവനാണല്ലോ ഈ ഹോണ്ട അക്ടിവ. അപ്പച്ചനും പെങ്ങള്‍ക്കും പിന്നെ ഞങ്ങള്‍ മൂന്നു പേര്‍ക്കും എപ്പോഴും ഉപയോഗിക്കാം. അമ്മച്ചിക്ക് ബാക്ക് സീറ്റ് ഡ്രൈവിങ്ങ് മാത്രം.

അങ്ങനെ വീണ്ടും "എനിക്കൊരു ഹോണ്ട അക്ടിവ വേണം" പൊങ്ങിവന്നു.

തുടരും . . .









Thursday, July 31, 2008

ചില സംശയങ്ങള്‍ . . .

നിത്യജീവിതത്തില്‍ നമ്മെ സാധാരണ അലട്ടാറുള്ള ചില സംശയങ്ങള്‍ . . .


01 ) നീളം - വീതി

നീളമാണോ വീതിയാണോ കൂടുതല്‍? എന്താണ് നീളവും വീതിയും തമ്മിലുള്ള വ്യത്യാസം? നീളവും വീതിയും എങ്ങനെ തിരിച്ചറിയാം? നീളം കൂടുതലുള്ളത് "നീളവും", നീളം കുറവുള്ളത് "വീതിയും" - ഇതാണല്ലോ സാമാന്യ നിയമം? സമചതുരത്തിന് നീളവും വീതിയുമുണ്ടോ? ത്രികോണത്തിന്‍റെയും വൃത്തത്തിന്‍റെയും ബഹുഭുജമാനങ്ങളുടെയും നീളവും വീതിയും എങ്ങനെ എളുപ്പത്തില്‍ മനസിലാക്കാം?.

Tuesday, July 29, 2008

നേഴ്സറി പുരാണം . . .

.
എന്‍റെ ഓര്‍മ്മയിലെ ആദ്യ നേഴ്സറി ദിനം . . .


എന്നെ നേഴ്സറിയില്‍ വിട്ടിട്ടേയില്ല എന്നാണല്ലോ അപ്പച്ചനും അമ്മച്ചിയും പറയുന്നത്. പിന്നെങ്ങനെ എനിക്ക് നേഴ്സറി സ്‌മരണകള്‍.

അന്നൊരു . . . എന്ത് ദിവസമെന്ന് ഓര്‍ക്കുന്നില്ല. സമയവും. എങ്കിലും രാവിലെയായിരിക്കണമല്ലോ. ഞാന്‍ ചേട്ടായിയുമൊത്ത് - അതോ ചേട്ടായി ഞാനുമൊത്തോ - വീട്ടില്‍നിന്നിറങ്ങി നടപ്പ് തുടങ്ങി. ആ കുന്നിന്‍റെ, ഞങ്ങളുടെ വീടിനു ശേഷമുള്ള കയറ്റം കയറി മുകളിലെത്തിയശേഷം താഴത്തെ കവല ലക്ഷ്യമാക്കി നടപ്പ് തുടര്‍ന്നു. ആ കുന്നിന്‍ മുകളിലെത്തുന്നതുവരെ നല്ല കയറ്റമായിരുന്നെങ്കിലും മുകളിലെത്തി നോക്കിയപ്പോള്‍ ചുറ്റുപാടും ഇറക്കം മാത്രമേയുള്ളൂ കണ്ടുപിടിക്കാന്‍. പിന്നെ ഒന്നുമാലോചിക്കാതെ ഇറക്കമിറങ്ങി നടത്തം തുടര്‍ന്നു. അങ്ങനെ താഴെയുള്ള കവലയിലെത്തി. ചന്തക്കവല - കിടങ്ങൂര്‍ സൌത്ത് എന്ന അര പഞ്ചായത്തിന്‍റെ ഭരണസിരാകേന്ദ്രം. ആ കവലയില്‍നിന്നു ഒരു ഷാര്‍പ് ലെഫ്റ്റ് ടേണ്‍ എടുത്ത് ഞങ്ങള്‍ പാലാ-കോട്ടയം റോഡില്‍ പ്രവേശിച്ചു. അല്‍പ്പദൂരം നടന്നു ഒരു ഇടത്തൊണ്ടിലേയ്ക്ക് റൈറ്റ് ടേണ്‍. അതിലൂടെ അല്‍പ്പം നടന്നു ഒന്ന് രണ്ടു വളവുകള്‍ക്കൂടി എടുത്ത് ഒരു നട കയറി വിശാലമായ ഒരു തെങ്ങിന്‍ തോപ്പിലെത്തി.


അവിടെയാണ് നമ്മുടെ "സംഗതി". ഞാന്‍ കണ്ട ആദ്യത്തെ നേഴ്സറി സ്കൂള്‍ - ഒരൊന്നാന്തരം എഴുത്തുകളരി. ആറോ എട്ടോ കമുകിന്‍കാലുകളില്‍ കെട്ടിയുയര്‍ത്തി ഓല മേഞ്ഞ നീളം-വീതി-ഉയരം ധാരാളമുള്ള (നീളമാണോ വീതിയാണോ കൂടുതല്‍ - ഇന്നും എന്നെ അലട്ടാറുള്ള ചില സുപ്രധാന സംശയങ്ങളില്‍ ഒന്ന്) ഒരു മണ്ഡപം. അതിനുള്ളില്‍ ഒരു കാര്‍ന്നോരും (ആശാനായിരിക്കും) കുറച്ചു കുട്ടികളും. അതിനുള്ളില്‍ അവരിരിക്കുന്നതുകണ്ടാല്‍ കിടങ്ങൂരമ്പലത്തിന്‍റെ കൂത്തമ്പലത്തില്‍ ഉറുമ്പിരിക്കുന്നതുപോലെ. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ (???) അത്രക്ക് വലിപ്പമുള്ള ഒരു മണ്ഡപത്തിന്‍റെ ഒരു കോണിലായി അവര്‍ കൂട്ടം കൂടിയിരിക്കുന്നു.


തീര്‍ന്നു . . . എന്‍റെ ഓര്‍മ്മയിലെ ആദ്യ നേഴ്സറി ദിനം ഇത്രമാത്രം. എന്നാല്‍ അപ്പച്ചനും അമ്മച്ചിയും എന്തിനു ചേട്ടായിപോലും പറയുന്നത് അങ്ങിനെ ഒരു സംഭവമേ ഇല്ലായെന്നാണ്. പക്ഷെ എന്‍റെ ഓര്‍മ്മയിലെ ആദ്യ നേഴ്സറി ദിനം ഇതാണ്.